കേരളത്തിന്റെ താളം തെറ്റിച്ച് മഹാപ്രളയം; കാലം തെറ്റി പൂത്ത് കായ്ച്ച് മാവുകള്‍; ആശങ്ക…!

82

ആലപ്പുഴ: കേരളത്തെ മുക്കി കളഞ്ഞ മഹാപ്രളയത്തില്‍ നിന്നും മുക്തമാകുന്ന കേരളത്തിന് കൂടുതല്‍ ആശങ്ക പകര്‍ന്ന് കാലം തെറ്റി പൂക്കുന്ന മാവുകള്‍. മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരങ്ങള്‍. അന്തരീക്ഷത്തില്‍ കാര്‍ബണിന്റേയും, നൈട്രജന്റേയും തോത് കൂടിയതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായമാകുന്നത് വരണ്ട കാലാവസ്ഥയാണ്. ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളില്‍ പരാഗണം നടക്കാതെ വരുന്നതും പൂക്കള്‍ കരിഞ്ഞ് കൊഴിയുന്നതും ഇതോടെ സാധാരണമായിരിക്കുകയാണ്.

ഇന്ത്യയില്‍ മാവുകള്‍ ആദ്യം പൂക്കുന്ന സംസ്ഥാനം കേരളമാണ്. സാധാരണഗതിയില്‍ ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നതും മാങ്ങയാകുന്നതും. എന്നാല്‍ ജനുവരി അവസാനത്തോടെയാണ് പലയിടങ്ങളിലും മാവുകള്‍ പൂക്കുന്നത്. ഈ മാസങ്ങളിലും തളിരിടുന്ന മാവുകളും കണ്ടുവരുന്നു. 90ദിവസങ്ങള്‍ കൊണ്ടും, 105ദിവസങ്ങള്‍കൊണ്ടും ഫലമാകുന്ന ഇനങ്ങളുമുണ്ട്.

ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകള്‍ എന്നിവ കൃത്യമായി നടത്താനായാല്‍ പ്രശ്നങ്ങള്‍ ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.